തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിൽ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂർത്തിയാകുന്നു.
തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ കനാൽ പാത 26നു വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സർക്കാരിന്റെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പാക്കുന്നത്.
പുഴകൾ, കായലുകൾ, കനാലുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കൽ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നൽകി 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആക്കുളം മുതൽ ചേറ്റുവ വരെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
വർക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവത്കരണവും സിയാൽ നടപ്പാക്കുകയാണ്. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാൽ പുറത്തിറക്കും.